Latest Updates

ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് (64) ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇവരടക്കം 11 പേരാണ് അപകടത്തില്‍ മരിച്ചത്. ഊട്ടിക്കു സമീപം കുനൂരില്‍ ബുധനാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു അപകടം. 

14ല്‍ 13പേരും മരിച്ചതായി സേന സ്ഥിരീകരിച്ചു.  ഗുരുതരമായി പരുക്കേറ്റ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിനെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോയമ്പത്തൂര്‍ സുലൂരിലെ വ്യോമസേനാ ബേസില്‍ നിന്ന് ബുധനാഴ്ച പകല്‍ 11.45 ഓടെ പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ഉച്ചയ്ക്കു 12.20 ഓടെയാണ് തകര്‍ന്നുവീണത്.

ലാന്‍ഡിങ്ങിന് 10 കിലോമീറ്റര്‍ മാത്രമകലെയായിരുന്നു അപകടം. ഊട്ടിയിലെ വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. വെല്ലിങ്ടണിലെ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളജിലെ ചടങ്ങിനായാണ് ബിപിന്‍ റാവത്തും സംഘവും യാത്രതിരിച്ചത്. ജനറല്‍ റാവത്തിന്റെ വിയോഗം രാജ്യത്തിനും സേനയ്ക്കും അപരിഹാര്യമായ നഷ്ടമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മോശം കാലാവസ്ഥയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. വ്യോമസേനയുടെ റഷ്യന്‍ നിര്‍മിത എംഐ 17V5 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. കുനൂരിലെ കാട്ടേരി ഫാമിനു സമീപമാണ് അപകടമുണ്ടായത്. 2020 ജനുവരി ഒന്നിനാണ് റാവത്ത് സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റത്.

Get Newsletter

Advertisement

PREVIOUS Choice