Latest Updates

ആരോഗ്യ വകുപ്പിലേയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലേയും ഒഴിവുകള്‍ പി എസ് സിയിലേക്ക് ഉടന്‍ ലഭിക്കും. ഇതു സംബന്ധിച്ച് വിവരങ്ങള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് പുറത്തുവിട്ടത്. ആരോഗ്യ-ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളിലെ ഒഴിവുകള്‍ എത്രയും വേഗം റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇരു വകുപ്പുകളിലേയും മേധാവികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേരുകയായിരുന്നു. മുഴുവന്‍ ഒഴിവുകളും എത്രയും വേഗം പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അടിയന്തര യോഗം വിളിച്ചത്. റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ഇരു വകുപ്പിലേയും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശിക്കുകയും ചെയ്തു.

പ്രമോഷനുകള്‍ യഥാസമയം നടക്കാത്തതിനാല്‍ ഉയര്‍ന്ന തസ്തികകള്‍ നികത്തപ്പെടാതെ പോകുന്നതു മൂലം എന്‍ട്രി കേഡറുകളില്‍ ഉണ്ടാകേണ്ടുന്ന ഒഴിവുകളില്‍ നിയമനം നല്‍കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകരുത്. ഉയര്‍ന്ന തസ്തികകളില്‍ ഒഴിഞ്ഞു കിടക്കുന്നവ നികത്തുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാന്‍, ഒരുദ്യോഗസ്ഥന് പ്രത്യേക ചുമതല നല്‍കിക്കൊണ്ട് ഒരു മാസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കണം. ഏതെങ്കിലും കാരണത്താല്‍ ഉയര്‍ന്ന തസ്തികയിലേക്ക് പ്രമോഷന്‍ നടക്കാന്‍ കഴിയാതെ വന്നാല്‍ ആ തസ്തിക താത്കാലികമായി റിപ്പോര്‍ട്ട് ചെയ്ത് എന്‍ട്രി കേഡര്‍ ആയി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ആശ്രിത നിയമനത്തിന് നീക്കിവെച്ചിട്ടുള്ള ഒഴിവുകള്‍ കൃത്യമായി നികത്തപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ഇതോടെ പി എസ് സിയില്‍ ഉടന്‍ തന്നെ നിരവധി തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍.

 

Get Newsletter

Advertisement

PREVIOUS Choice