Latest Updates

1950 ല്‍ ഇന്ത്യന്‍ ഭരണഘടന നടപ്പിലാക്കുമ്പോള്‍ അതില്‍ പഞ്ചായത്തീരാജ് സ്ഥാനമുണ്ടായിരുന്നില്ല.  അതേസമയം ഗ്രാമങ്ങള്‍ എന്ന കൊച്ചു റിപ്പബ്ലിക്കുകളിലേക്ക് അധികാര വികേന്ദ്രികരണം എന്നതായിരുന്നു ഗാന്ധിജിയുടെ സ്വപ്നം.  ഗാന്ധിജിയുടെ ഗ്രാമസ്വരാജ് ആണ് ഈ ആശയം മുന്നോട്ടു വയ്ക്കുന്നത്.    ഭരണഘടനയില്‍ രണ്ടു ഭാഗങ്ങള്‍ എഴുതിച്ചേര്‍ക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്.  

പഞ്ചായത്തുകള്‍ ഒന്‍പതാം ഭാഗമായും മുന്‍സിപ്പാലിറ്റികള്‍ ഒന്‍പത് എ ഭാഗമായും ഭരണഘടനയില്‍ എഴുതി ചേര്‍ത്തു.  ഇതോടെ ഇതിലൂടെ രൂപഘടന തന്നെ അടിസ്ഥാനപരമായ മാറ്റത്തിന് വിധേയമായി.  അതിനുമുമ്പ് രാഷ്ട്രത്തിന്റെ അധികാരങ്ങളും കര്‍ത്തവ്യങ്ങളും യൂണിയന്‍,  സംസ്ഥാനങ്ങള്‍ എന്നീ രണ്ടു ഘടകങ്ങള്‍ക്കിടയില്‍ വിധിക്കപ്പെട്ടിരുന്നു.  അധികാരവികേന്ദ്രീകരണത്തെക്കുറിച്ച് , ബല്‍വന്ത് റായി മേത്ത കമ്മറ്റി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ്  ഇന്ത്യയില്‍ പഞ്ചായത്ത് രാജ് പദ്ധതി ആവിഷ്‌കരിച്ചത്. 1959 ഒക്ടോബര്‍ 2-ന് രാജസ്ഥാനിലെ നഗൗരില്‍ ഇന്ത്യയിലെ പഞ്ചായത്ത് രാജ് സംവിധാനത്തിനു ആരംഭമായി. 1960 ജനവരി 18-ന് ഏറണാകുളത്ത് കേരളത്തിലെ പഞ്ചായത്ത് രാജ് ഭരണസംവിധാനം ഉദ്ഘാടനം ചെയ്തത് നെഹ്രുവാണ്.

എഴുപത്തി മൂന്നാമത് ഭരണഘടനാ ഭേദഗതി പ്രകാരമാണ് പഞ്ചായത്ത് രാജ് വ്യവസ്ഥ ഇന്ത്യയില്‍ ആകമാനം നിലവില്‍ വന്നത്.  1992 ല്‍ നടപ്പിലാക്കിയ പഞ്ചായത്തീരാജ് ഭരണഘടനാ ഭേദഗതികള്‍ അധികാര വികേന്ദ്രീകരണത്തിന് ആയുള്ള ഭരണഘടനാപരമായ പരിശ്രമം ആയി കാണാം. ഈ ഭരണഘടനാ ഭേദഗതി പ്രകാരം എല്ലാ പഞ്ചായത്തുകളിലെയും ഗ്രാമങ്ങളിലെയും വാര്‍ഡുകളില്‍ ഗ്രാമസഭകള്‍ക്ക് ഭരണഘടനാപരമായ അംഗീകാരം ലഭിച്ചു. രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ സമ്മേളനമാണ് ഗ്രാമസഭകള്‍. അങ്ങനെ  ഗ്രാമ പഞ്ചായത്, ബ്ലോക്ക് പഞ്ചായത് , ജില്ലാ പഞ്ചായത് എന്ന ത്രിതല പഞ്ചായത്ത് സംവിധാനം നിലവില്‍ വന്നു. വോട്ടര്‍മാര്‍ക്ക് അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ ജനപ്രതിനിധികളെ തെരഞ്ഞെടുക്കാം. ഒപ്പം വനിതകള്‍ക്കും പിന്നോക്ക പട്ടിക ജാതി വിഭാഗങ്ങള്‍ക്കും സംവരണം ഉറപ്പാക്കുകയും ചെയ്തു.

Get Newsletter

Advertisement

PREVIOUS Choice