സൗദി രാജകുമാരിക്ക് മോചനം കുറ്റം ചുമത്താതെ തടവില്‍ കഴിഞ്ഞത് മൂന്ന് വര്‍ഷത്തോളം
മൂന്ന് വര്‍ഷത്തോളമായി കുറ്റം ചുമത്താതെ തടവിലാക്കിയ രാജകുമാരിയെയും മകളെയും സൗദി അധികൃതര്‍ മോചിപ്പിച്ചു. അവരുടെ നിയമോപദേഷ്ടാവാണ് ഇക്കാര്യം അറിയിച്ചത്.
57 കാരിയായ രാജകുമാരി ബസ്മ ബിന്‍ത് സൗദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് ബിസിനസുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയും സൗദി രാജകുടുംബാംഗവുമാണ്. 2019 മാര്‍ച്ചിലാണ് അവരേയും പ്രായപൂര്‍ത്തിയായ മകള്‍ സൗഹൂദ് അല്‍ ഷെരീഫിനെയും കാണാതായത്.
'രാജകുമാരി സുഖമായിരിക്കുന്നെന്നും എങ്കിലും ഡോക്ടറുടെ ഉപദേശം തേടുമെന്നും നിയമ ഉപദേഷ്ടാവ് ഹെന്റി എസ്ട്രാമന്റ് പറഞ്ഞു. ക്ഷീണിതയെങ്കിലും രാജകുമാരി നല്ല മാനസികാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
2019 ഫെബ്രുവരിയില്‍ അറസ്റ്റിലാകുന്ന സമയത്ത് രാജകുമാരി ബാസ്മ വൈദ്യചികിത്സയ്ക്കായി വിദേശത്തേക്ക് പോകാനൊരുങ്ങുകയായിരുന്നു. തടങ്കലിലായിരുന്ന സമയത്ത്, വ്യാജ പാസ്പോര്‍ട്ട് ഉണ്ടാക്കാന്‍ ശ്രമിച്ചതായി അവര്‍ക്കെതിരെ കുറ്റം ചുമത്തപ്പെട്ടിരുന്നതായി അടുത്ത ബന്ധു പറഞ്ഞു. 1953 മുതല്‍ 1964 വരെ സൗദി അറേബ്യ ഭരിച്ച സൗദ് രാജാവിന്റെ ഏറ്റവും ഇളയ കുട്ടിയാണ് ബസ്മ. സ്ത്രീകളോടുള്ള രാജ്യത്തിന്റെ പെരുമാറ്റത്തെ അവര്‍ വിമര്‍ശിച്ചിട്ടുണ്ട്.