Latest Updates

ലോക വായനാദിനത്തിൽ ഉമാദേവി അന്തർജനത്തെക്കുറിച്ച് ുപറയാതിരിക്കാനാകില്ല. സഞ്ചരിക്കുന്ന വായനശാലയായിരുന്നു ബുധനൂരുകാര്‍ക്ക്  അടിമുറ്റത്തു മഠം ശാരംഗമഠത്തില്‍ എ.ജെ. ഉമാദേവി അന്തര്‍ജനം. ബുധനൂര്‍ കലാപോഷിണി വായനശാലയിലെ ഫീല്‍ഡ് ലൈബ്രേറിയനായാണ്  ഉമാദേവി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയത്.   ഭർത്താവിന്ർറെ മരണശേഷമാണ് ഉമാദേവി രണ്ട് മക്കളടങ്ങുന്ന കുടുബം പോറ്റാൻ ഫീൽഡ് ലൈബ്രേറിയനായത്. 

ആദ്യമൊക്കെ മറ്റ് വീടുകളിലേക്ക് കയറിച്ചെല്ലാന്‍ വലിയ മടിയായിരുന്നു. പിന്നീട് അതൊക്കെ മാറി. പരിചയക്കാരില്‍  ചിലര്‍ മഠത്തില്‍ വന്ന് ഞങ്ങള്‍ പുസ്തകം വാങ്ങാമെന്ന് പറഞ്ഞെങ്കിലും ആ സഹായം അവര്‍ നിരസിച്ചു. വീടുകള്‍ തോറും കയറിയിറങ്ങി ഉമ്മറത്തിരുന്ന് കുശലം പങ്കിട്ട് സൗഹൃദത്തിലായി പതിയെ കുട്ടികളേയും പ്രായമായവരെയും വീട്ടമ്മമാരെയും ഉമാദേവി അക്ഷരലോകത്തിലെത്തിച്ചു.

' വായനാശിലം ഇല്ലാത്ത കുട്ടികള്‍ക്ക്  ചെറിയ കഥകള്‍ അടങ്ങിയ പുസ്തകങ്ങള്‍ നല്‍കിയിട്ട് ഞാന്‍ പറയും ഇതിലുള്ള കഥയൊന്നും മുത്തശിക്കറിയില്ല വായിച്ചിട്ട് അടുത്തയാഴ്ച്ച മുത്തശി വരുമ്പോള്‍ പറഞ്ഞു തരണമെന്ന്.  കുട്ടികള്‍ കഥ പറയാനായി ചെറിയ കഥാപുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങി. അങ്ങനെ അവര്‍ക്ക് ഞാന്‍ പുസ്തകമുത്തശിയും ടീച്ചറമ്മയുമൊക്കെയായി'. പിന്നീട് തന്നെ  കാണുമ്പോള്‍ തന്നെ  പുസ്തകമുത്തശി വരുന്നേ എന്ന് പറഞ്ഞ് കുട്ടികള്‍ ആഹാരത്തിന് മുന്നില്‍ നിന്നുപോലും ആര്‍ത്തുവിളിച്ചോടി വരാന്‍ തുടങ്ങിയെന്നും ഉമാദേവി പറയുന്നു.

പ്രായമായവര്‍ക്ക് അധ്യാത്മിക-പുരാണകഥകള്‍, വീട്ടമ്മമാര്‍ക്ക് നോവലുകള്‍, കൗമാരക്കാര്‍ക്ക് ഡിറ്റക്ടീവ് നോവലും ക്രൈം നോവലുകളും..അങ്ങനെ ഓരോ വിഭാഗത്തിന്റെയും അഭിരുചിക്ക്  അനുസരിച്ചുള്ള പുസ്തകങ്ങള്‍ തുണിസഞ്ചിയിലാക്കി തോളില്‍ തൂക്കിയായിരുന്നു  ഉമാദേവി രാവിലെ വീട്ടില്‍ നിന്നിറങ്ങിയിരുന്നത്.  ഇരുനുറിലധികം അംഗങ്ങളുടെ വീടുകളിലാണ് ഉമാദേവി പുസ്തകമെത്തിച്ചത്. 20 രൂപ നല്‍കിയാല്‍  വായനശാലയില്‍ അംഗത്വമെടുക്കാം.  മാസംതോറും ഇവരില്‍ നിന്ന് പത്ത് രൂപ വരിസംഖ്യായി സ്വീകരിച്ച് രണ്ട് പുസ്തകം വീതം നല്‍കും.

മഠത്തിലെ  മുറിക്കുള്ളില്‍ ഒതുങ്ങേണ്ട തന്നെ ലോകം അറിഞ്ഞതിന് കാരണം അക്ഷരങ്ങളാണ്. 2018 ൽ  മഹാപ്രളയത്തില്‍ വെള്ളം കയറി വായനാശാലയിലെ ഒരുപാട് പുസ്തകങ്ങള്‍ നഷ്ടപ്പെട്ടുപോയ സങ്കടമുണ്ട് ഉമാദേവിക്ക്. പിന്നീട് പലഭാഗത്ത് നിന്നായി ധാരാളം പുസ്തകങ്ങള്‍ കിട്ടി. ഉമാദേവി അന്തര്‍ജനത്തെക്കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധിച്ച എഴുത്തുകാരനും എംപിയുമായ ശശി തരൂര്‍ അവരെ നേരിട്ടുവിളിച്ചു. കാണാന്‍ ആഗ്രഹമുണ്ടെന്നും ഒരു ദിവസം വരുമെന്നും അറിയിച്ചു. തരൂര്‍ വാക്ക് തെറ്റിച്ചില്ല. 2018 ല്‍ ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ അദ്ദേഹം ഉമാദേവിയുടെ മഠത്തിലുമെത്തി.

ഇപ്പോൾ പ്രായാധിക്യം കാരണമുള്ള അവശത കൊണ്ട് പുസ്തകങ്ങളുമായി സഞ്ചരിക്കാൻ ഉമാദേവി അന്തർജനത്തിന് കഴിയുന്നില്ല. എങ്കിലും ഇത്രയും നാൾ ചെയ്ത സത്ത്മകർമത്തിൽ വളരെ അഭിമാനമുണ്ട് ഈ അമ്മയ്ക്ക്. 

Get Newsletter

Advertisement

PREVIOUS Choice