Latest Updates

സിനിമ ടിവി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ജീവിതക്ലേശങ്ങള്‍ പലതവണ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. കോവിഡ് കാലത്ത് കലാകാരന്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങളും ഉന്നയിക്കപ്പെട്ടിരുന്നു. ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ വ്യത്യസ്ത തൊഴില്‍മേഖലകളിലേക്ക് കടന്ന കലാകാരന്‍മാരമുണ്ട്. കഴിഞ്ഞ ദിവസം 
കാസര്‍ഗോഡ് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്ലെറ്റ് ക്ലീനറുടെ അപേക്ഷയില്‍ ഇന്റര്‍വ്യൂവെത്തിയവരിലും അത്തരമൊരു കലാകാരനുണ്ടായിരുന്നു. 

'മറിമായം' എന്ന ടിവി പരിപാടിയിലൂടെ ജനപ്രിയനായ നടന്‍ ഉണ്ണി രാജനായിരുന്നു ജീവിതമാര്‍ഗം തേടിയെത്തിയത്.  ടോയ്‌ലറ്റ് ക്ലീനറുടെ പോസ്റ്റിലേക്കാണ് അപേക്ഷിച്ചിരിക്കുന്നത് എന്ന് അറിഞ്ഞ് തന്നെയാണോ വന്നത് എന്ന് അഭിമുഖം നടത്തിയവര്‍ ചോദിച്ചപ്പോള്‍ ജോലി സ്വപ്‌നം കണ്ട് നടക്കുന്ന ഒരാളാണ് താനെന്നായിരുന്നു നടന്റെ മറുപടി. ഗാന്ധിജി പോലും കക്കൂസ് വൃത്തിയാക്കിയിട്ടില്ലേ. താന്‍ അല്ലെങ്കില്‍ മറ്റൊരാള്‍ ഇത് ചെയ്യേണ്ടതല്ലേ എന്നും നടന്‍ ചോദിച്ചു. എന്തായാലും ശനിയാഴ്ച ഉണ്ണിരാജന് രജിസ്‌ട്രേഡായി ജോലിക്കുള്ള ഉത്തരവ് ലഭിച്ചു. തിങ്കളാഴ്ച അദ്ദേഹം ജോലിയില്‍ പ്രവേശിക്കും.

 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'ഓപ്പറേഷന്‍ ജാവ' തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ഈ നടന്‍ ചെയ്തിട്ടുണ്ട്. സീരിയലില്‍ നിന്നുള്ള വരുമാനം ജീവിതച്ചെലവിന് തികയാതെ വന്നതോടെയാണ് ഉണ്ണി രാജന്‍ മറ്റ് ജോലിക്കായി അന്വേഷണം തുടങ്ങിയത്. ഇതിനിടയില്‍  ജോലിക്കിടയില്‍ വീണു പരിക്കേറ്റതിനാല്‍ ശാരീരികാവസ്ഥയും മോശമായതും നടനെ ഈ ജോലി സ്വീകരിക്കാന്‍ പ്രേരിപ്പിച്ച ഘടകമാണ്.

 

Get Newsletter

Advertisement

PREVIOUS Choice