Latest Updates

മുഖ്യമന്ത്രി പിണറായി വിജയന് എതിരെയുള്ള സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ചെറിയ മീനാണെന്നും മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്നും  സരിത എസ്ച നായർ. മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് കൊണ്ടുവരികയാണെന്ന്  സ്വപ്ന സുരേഷ് പറഞ്ഞതായും  സരിത വ്യക്തമാക്കി. സ്വപ്‌നയുടെ ആരോപണങ്ങള്‍ സത്യമാണെന്നതിന് സ്വപ്‌നയുടെ കയ്യില്‍ തെളിവുകളൊന്നും ഇല്ലെന്നും സ്വപ്‌ന പറയുന്നത് സത്യമാണെങ്കില്‍ താന്‍ അവര്‍ക്കൊപ്പം നില്‍ക്കുമായിരുന്നെന്നും സരിത പറഞ്ഞു. 

അതേസമയം സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന സരിതയുടെ ഹര്‍ജി കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. അന്വേഷണ ഏജൻസിക്ക് മാത്രമേ രഹസ്യമൊഴി നൽകാൻ കഴിയു എന്നും കോടതി വ്യക്തമാക്കി.  സ്വപ്നയുടെ മൊഴിയില്‍ തന്നെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞെന്നും അതേ കുറിച്ചുള്ള വിശദ വിവരങ്ങള്‍ അറിയുന്നതിന് തനിക്ക് അവകാശമുണ്ട് എന്നും ചൂണ്ടിക്കാട്ടിയാണ് സരിത ഹര്‍ജി നല്‍കിയിരുന്നത്. കീഴ്ക്കോടതിയുടെ ഉത്തരവിന് എതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സരിത പറഞ്ഞു. 

കേസിന്റെ അന്വേഷണത്തിന് രഹസ്യമൊഴി അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ചും  കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം കോടതി തള്ളിയിരുന്നു. മൊഴിപ്പകര്‍പ്പ് മൂന്നാമതൊരു ഏജന്‍സിക്ക് നല്‍കാന്‍ പാടില്ലെന്ന സ്വപ്നയുടെ അഭിഭാഷകന്റെ വാദം ശരിവെച്ചായിരുന്നു കോടതി നടപടി.

സ്വപ്ന സുരേഷിന് എതിരെയുള്ള ഗൂഢാലോചനക്കേസില്‍ സരിതയുടെ രഹസ്യമൊഴി ഈ മാസം 23 ന് എടുക്കും. അതിനിടെയാണ് സരിത രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. വിവാദങ്ങൾക്ക്പിന്നിൽ പിസി ജോർജും ക്രൈം നന്ദകുമാറും എച്ച് ആർ ഡിഎസിലെ അജികൃഷ്ണനുമാണെന്ന് സരിത നേരത്തെ ആരോപിച്ചിരുന്നു.

Get Newsletter

Advertisement

PREVIOUS Choice