'യഥാർത്ഥ എഞ്ചിനീയറിംഗ് വിസ്മയം' വിക്രാന്തിനെ പ്രകീർത്തിച്ച് മോഹൻലാൽ
കമ്മീഷൻ ചെയ്യാനിരിക്കുന്ന ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ (ഐഎസി) 'വിക്രാന്ത്' സന്ദർശിച്ച് മോഹൻലാൽ. ഇന്ത്യൻ ആർമിയിലെ ലെഫ്റ്റനന്റ് കേണൽ കൂടിയാണ് മോഹൻലാൽ. 'യഥാർത്ഥ എഞ്ചിനീയറിംഗ് വിസ്മയം' എന്നാണഅ താരം വിക്രാന്തിനെ വിശേഷിപ്പിച്ചത്. ഒപ്പം സന്ദർശനത്തിന് ശേഷം അദ്ദേഹം നന്ദിയും രേഖപ്പെടുത്തി.
വിക്രാന്തിലെ തൊഴിലാളികളുമായും ജോലിക്കാരുമായും അദ്ദേഹം സംവദിക്കുന്ന ഫോട്ടോയും നടൻ ട്വിറ്ററിൽ പങ്ക് വച്ചിട്ടുണ്ട്.
ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാന വാഹിനിക്കപ്പലിൽ (ഐഎസി) കയറാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു എന്നും കേരളത്തിലെ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ നിർമ്മിച്ച വിക്രാന്ത് ഉടൻ കമ്മീഷൻ ചെയ്യുമെന്നും മോഹൻലാൽ ട്വിറ്ററിലെ കുറിപ്പിൽ പറയുന്നു. നീണ്ട 13 വർഷങ്ങൾക്ക് ശേഷം നിർമാണം പൂർത്തിയായ വിക്രാന്ത്, ഇന്ത്യൻ നാവികസേനയെ കൂടുതൽ ശക്തിപ്പെടുത്തും. ഇന്ത്യയുടെ കപ്പൽനിർമ്മാണ ശേഷിയെക്കുറിച്ച് സംസാരിക്കുന്ന ഒരു യഥാർത്ഥ എഞ്ചിനീയറിംഗ് വിസ്മയമായി വിക്രാന്ത് യാത്ര തുടങ്ങുമെന്നും മോഹൻലാൽ ട്വീറ്റ് ചെയ്തു.
ഇന്ത്യൻ ആർമിയിലെ റിട്ടയേർഡ് മേജറും നടനുമായ മേജർ രവിയും മോഹൻലാലിനൊപ്പം വിക്രാന്ത് സന്ദർശിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
സമാനതകളില്ലാത്ത അവസരത്തിന് താൻ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു എന്നും മോഹൻലാൽ പറഞ്ഞു. കമാൻഡിംഗ് ഓഫീസർ, കമ്മഡോർ വിദ്യാധർ ഹർകെ, വിഎസ്എം, കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ മധു നായർ എന്നിവരെ എടുത്തുപറഞ്ഞായിരുന്നു അദ്ദേഹത്തിന്ർറെ നന്ദി പ്രകടനം.
                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                






