Latest Updates

ഒരു ദശാബ്ദത്തോളമായി ഭരണത്തിലുള്ള വലതുപക്ഷ സര്‍ക്കാരിനെ താ‍ഴെയിറക്കി അധികാരം പിടിച്ച് ആസ്ട്രേലിയന്‍ ലേബര്‍ പാര്‍ട്ടി. പ്രതിപക്ഷനേതാവായിരുന്ന ആന്തണി അല്‍ബനീസ് നാളെ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കും. സര്‍ക്കാരില്‍ നിന്നുള്ള പെന്‍ഷന്‍ ഉപയോഗിച്ച് മരിയാന്‍ എലേറി എന്ന സിംഗിള്‍ മദര്‍ വളര്‍ത്തിയവന്‍.

ഐറിഷ്- ഇറ്റാലോ അല്‍ബേനിയന്‍ പാരമ്പര്യത്തിലൂടെ മള്‍ട്ടിക്കള്‍ച്ചറല്‍ ആസ്ട്രേലിയയുടെ ശരിയായ പ്രതിനിധിയായി മാറിയയാള്‍.   ആസ്ട്രേലിയക്കാരുടെ പ്രിയപ്പെട്ട ആല്‍ബോ നാളെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ ഒരു പതിറ്റാണ്ട് നീണ്ട വലതുപക്ഷ ഭരണത്തിനാണ് വിരാമമാകുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ആന്തണി ആല്‍ബനീസ് നടത്തിയ പ്രതികരണം ഓസ്ട്രേലിയന്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ നിസ്വാര്‍ത്ഥ ലക്ഷ്യങ്ങളിലേക്കുള്ള ചൂണ്ടുപലകയായി മാറുകയാണ്. പുനരുപയോഗ ഊര്‍ജസ്രോതസ്സുകളുടെ വികസനത്തിലൂടെ പരിസ്ഥിതി സംരക്ഷണമുറപ്പാക്കി അന്താരാഷ്ട്ര സമൂഹത്തില്‍ ഓസ്ട്രേലിയന്‍ പ്രതിച്ഛായ മെച്ചപ്പെടുത്തുമെന്നാണ് പ്രഖ്യാപനം.

അദാനി ഉള്‍പ്പെടെയുള്ള കമ്പനികളുടെ കല്‍ക്കരിക്കൊള്ളയ്ക്കെതിരെ ഉയരുന്ന ജനകീയ സമരങ്ങള്‍ക്കുള്ള ഐക്യപ്പെടലായി ഈ ഭരണകാലം മാറുമെന്നുറപ്പ്.   ഒപ്പം വംശീയമായി മാറ്റിനിര്‍ത്തപ്പെടുന്നവര്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും പ്രതീക്ഷയാകും. ലിബറല്‍- നാഷണല്‍ മുന്നണി സ്ഥാനാര്‍ത്ഥിയും പ്രധാനമന്ത്രിയുമായ സ്കോട്ട് മോറിസണെ പരാജയപ്പെടുത്തി വിജയം നേടിയ ആല്‍ബോ മുമ്പ് കെവിന്‍ റൂഡിന്‍റെയും ജൂലിയ ഗിലാര്‍ഡിൻറെയും ഭരണകാലത്ത് ഉപപ്രധാനമന്ത്രിയായും വകുപ്പ് മന്ത്രിയായുമെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘനാളായി ഗ്രെയ്ന്‍ഡ്ലര്‍ മണ്ഡലത്തില്‍ നിന്നുള്ള ജനകീയ എംപി കൂടിയാണ് ആന്തണി ആല്‍ബനീസ്.

Get Newsletter

Advertisement

PREVIOUS Choice