Latest Updates

തന്നെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാനുള്ള പ്രതിപക്ഷ നേതാക്കളുടെ ഒരു വിഭാഗം നിർദ്ദേശം അംഗീകരിച്ചെന്ന സൂചന നൽകി  മുൻ കേന്ദ്രമന്ത്രിയും തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവുമായ യശ്വന്ത് സിൻഹ. കൂടുതൽ സ്വീകാര്യമായ മുഖമായി ഉയർന്നുവരാൻ മുൻ ബിജെപി നേതാവ് ആദ്യം പാർട്ടി സ്ഥാനം രാജിവയ്ക്കണമെന്ന് കോൺഗ്രസും ഇടതുപക്ഷ പാർട്ടികളും ആവശ്യപ്പെടുന്നുണ്ട്. 

ഈ ആവശ്യം സിൻഹ അംഗീകരിച്ചെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്ർറെ ട്വീറ്റ്. 

"തൃണമൂൽ കോൺഗ്രസ്സിൽ മമതാജി എനിക്ക് നൽകിയ ബഹുമാനത്തിനും അന്തസ്സിനും ഞാൻ അവരോട് നന്ദിയുള്ളവനാണ്. വലിയൊരു ദേശീയ ലക്ഷ്യത്തിനായി പ്രതിപക്ഷ ഐക്യത്തിന് വേണ്ടി പ്രവർത്തിക്കാൻ പാർട്ടിയിൽ നിന്ന് മാറിനിൽക്കേണ്ട സമയം വന്നിരിക്കുന്നു. അവർ  ഈ നടപടി അംഗീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” സിൻഹ ട്വീറ്റ് ചെയ്തു.

2018ൽ ബിജെപി വിട്ട സിൻഹ കഴിഞ്ഞ വർഷമാണ് ടിഎംസിയിൽ ചേർന്നത്. പിന്നീട് പാർട്ടിയുടെ വൈസ് പ്രസിഡന്റായി നിയമിതനായി.അതിനിടെ, രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സംയുക്ത സമവായ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നതിനുള്ള രണ്ടാം ഘട്ട ചർച്ചകൾക്കായി പ്രതിപക്ഷ നേതാക്കൾ ചൊവ്വാഴ്ച രാവിലെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് ശരദ് പവാറിന്റെ വസതിയിൽ യോഗം ചേർന്നു. പവാർ വിളിച്ചുചേർത്ത ഒരു യോഗം പിന്നീട് പാർലമെന്റ് ഹൗസ് അനക്‌സിൽ ചേരാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

എൻസിപി അധ്യക്ഷൻ ശരദ് പവാറിനും നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയ്ക്കും പുറമെ മുൻ പശ്ചിമ ബംഗാൾ ഗവർണർ ഗോപാലകൃഷ്ണ ഗാന്ധിയുടെ പേരും , സംയുക്ത പ്രതിപക്ഷം പരിഗണിച്ചിരുന്നു.

Get Newsletter

Advertisement

PREVIOUS Choice