Latest Updates

കേന്ദ്രം  ഫെഡറലിസത്തിന് വെല്ലുവിളിയാകരുതെന്നും കൺകറന്റ്  ലിസ്റ്റിലെ വിഷയങ്ങളിൽ  സംസ്ഥാനവുമായി    കൂടിയാലോചന വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രപതി ഭവനിലെ കൾച്ചറൽ സെന്ററിൽ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും പങ്കെടുത്ത നീതി ആയോഗിന്റെ ഏഴാമത് ഗവേണിംഗ് കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സ്റ്റേറ്റ് ലിസ്റ്റിലെ വിഷയങ്ങളിൽ നിയമനിർമ്മാണം നടത്തുന്നതിൽ നിന്ന് കേന്ദ്രം വിട്ടുനിൽക്കണമെന്നും   മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

പരിസ്ഥിതി ലോല മേഖലയെ സംബന്ധിച്ച് സുപ്രീംകോടതി വിധിക്കെതിരെ നിയമ പരിഹാരം ഉണ്ടാകണം. പാർശ്വവത്കൃത വിഭാഗത്തിന്റെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിന് ഇത് അനിവാര്യമാണ്. ഭരണഘടനയുടെ 11 ഉം 12 ഉം   പട്ടികകളിൽ പറയുന്ന എല്ലാ കാര്യങ്ങളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ  ഏല്പിച്ചു കഴിഞ്ഞ  കേരളം  വികേന്ദ്രീകൃത പ്രവർത്തനങ്ങളിൽ  മുൻനിരയിലാണ്.    സംസ്ഥാനത്തിന്റെ  കൺസോളിഡേറ്റ് ഫണ്ട് വിതരണം ചെയ്യുമ്പോൾ ഇതും പരിഗണിക്കമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

പി.എം എ വൈ നഗര-ഗ്രാമ പദ്ധതികൾക്കുള്ള  വിഹിതം  വർദ്ധിപ്പിക്കണമെന്നതാണ് മറ്റൊരു ആവശ്യം. നിർമ്മാണസാമഗ്രികളുടെ വില കുത്തനെ ഉയർന്നതും  പരിഗണിക്കേണ്ട വിഷയമാണ്. 

കേരളത്തിന്റെ ഗതാഗത രംഗം ആധുനികവത്കരിക്കുന്നതിനായി   ദേശിയപാത വികസനമടക്കമുള്ള  നടപടികൾ സമയബധിതമായി പൂർത്തികരിക്കണം.  അപകടങ്ങൾ കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ  ഗതാഗത മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി  കേരളത്തിന്റെ വ്യോമ-റെയിൽ പദ്ധതികൾക്ക്  ഉടനടി  അംഗീകാരം നല്കുന്നതിന്  നടപടി  സ്വീകരിക്കണം. 


590 കിലോമീറ്ററോളം നീണ്ട തീരമുള്ള കേരളത്തിൽ കനത്ത മഴ മണ്ണൊലിപ്പ് വർദ്ധിപ്പിക്കുന്നു. തീരസംരക്ഷണ നടപടികൾ മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ  വേണം. മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ  മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് പുനപരിശോധിക്കണമെന്നും  മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

Get Newsletter

Advertisement

PREVIOUS Choice