Latest Updates

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനമെങ്ങും കനത്ത പ്രതിഷേധം. ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എംപി ഇടപെടുന്നില്ലാരോപിച്ച് എസ്എഫ്ഐ നടത്തിയ മാര്‍ച്ച് അക്രമസാക്തമാവുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് ഇരച്ചു കയറിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സാധനങ്ങളെല്ലാം അടിച്ചു തകര്‍ത്തു. 

ഇതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യൂത്ത് കോണ്‍ഗ്രസ് കെ എസ് യു പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. തിരുവനന്തപുരത്ത് എകെ ജി സെന്ററിന് മുന്നിലും  സി പിഎം സംസ്ഥാന കമ്മിറ്റി ഓഫീസുമുന്നിലും ശക്തമായ പ്രതിഷേധം നടന്നു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോണ്‍ഗ്രസ് യു ഡി എഫ് പ്രവര്‍ത്തകര്‍ റാലികളും പ്രകടനങ്ങളും നടത്തുകയാണ്. പലയിടത്തും ദേശീയ പാത ഉപരോധിക്കുന്നുണ്ട്.

അതേസമയം  ബഫര്‍സോണ്‍ വിഷയത്തില്‍ വയനാട്ടിലെ പ്രാദേശിക സമൂഹങ്ങളുടെയും അവരുടെ ജീവനോപാദികളുടെയും ദുസ്ഥിതി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് താന്‍ കത്തയച്ചിരുന്നതായി വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. മുഖ്യമന്ത്രിക്കും ഇക്കാര്യത്തില്‍ കത്തയച്ചതായും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു രാഹുൽ വിശദീകരണം നൽകിയത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടുകൂടി അദ്ദേഹത്തിന്റെ ഓഫീസിന്റെ നിര്‍ദേശപ്രകാരം നടന്നതാണെന്ന്  പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ അപകടത്തിലായ മുഖ്യമന്ത്രി ദേശീയ ബിജെപി നേതൃത്വത്തെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ  സംഭവത്തിൽ എസ്എഫ്ഐയെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തി.  രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ ശക്തമായി അപലപിക്കുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണ് ഇത്. എന്നാല്‍ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

 

Get Newsletter

Advertisement

PREVIOUS Choice