Latest Updates

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. കനത്ത മഴയിൽ കൊച്ചി നഗരത്തിൽ താഴ്ന്ന പ്രദേശങ്ങളിലും പ്രധാന റോഡുകളിലും ഉൾപ്പെടെ പലയിടങ്ങളിലും വെള്ളം കയറി. എംജി റോഡ്, വളഞ്ഞമ്പലം, പനമ്പിള്ളി നഗർ ഭാഗങ്ങളിൽ വെള്ളം കയറി. വൈപ്പിൻ, ഞാറക്കൽ അടക്കമുള്ള തീരദേശ മേഖലകളിലും ഉൾവഴികൾ വെള്ളത്തിലാണ്.

കോതമംഗലം ഉൾപ്പെടെയുള്ള മലയോര മേഖലകളിലും മഴ തുടരുകയാണ്. എറണാകുളം ജില്ലയിൽ താലൂക്ക് അടിസ്ഥാനത്തിൽ തുറന്ന കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങി. ദുരന്തനിവാരണ സേനയുടെ രണ്ടു സംഘങ്ങൾ ക്യംപ് ചെയ്യുന്നുണ്ട്. ചില ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ശക്തമായ കാറ്റിന്റേയും മോശം കാലാവസ്ഥയുടേയും പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കേരള തീരത്ത് നിന്ന് ഒരറിയിപ്പ് ഉണ്ടാവുന്നത് വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Get Newsletter

Advertisement

PREVIOUS Choice