'ഫാഷന്‍ മാറ്റിമറിച്ച വിഖ്യാത ഡിസൈനര്‍'; ജോര്‍ജിയോ അര്‍മാനി അന്തരിച്ചു
മിലാന്‍: വിഖ്യാത ഫാഷന്‍ ഡിസൈനര്‍ ജോര്‍ജിയോ അര്‍മാനി അന്തരിച്ചു. 91 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വസ്ത്രസങ്കല്‍പ്പങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ ഇറ്റാലിയന്‍ ഡിസൈനറായിരുന്നു ജോര്‍ജിയോ അര്‍മാനി. അര്‍മാനി എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് സ്ഥാപകന്‍ കൂടിയാണ് ജോര്‍ജിയോ. ഹൗട്ട്‌ക്കോച്ചര്‍, റെഡി മെയ്ഡ് വസ്ത്രങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, ഷൂ, വാച്ചുകള്‍, ആഭരണങ്ങള്‍, ഫാഷന്‍ സാധനങ്ങള്‍, കണ്ണടകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഹോം ഇന്റീരിയറുകള്‍ തുടങ്ങിയ വിവിധ മേഖലകൡ തന്റെതായ വ്യക്തിമുദ്രപതിപ്പിച്ചു. അതീവ ദു:ഖത്തോടെ വിയോഗവാര്‍ത്ത അറിയിക്കുന്നുവെന്നും വീട്ടില്‍വെച്ചായിരുന്നു അന്ത്യമെന്നും അര്‍മാനി ഗ്രൂപ്പ് വ്യക്തമാക്കി. തന്റെ അവസാനാളുകളിലും കമ്പനിക്കും പുതിയ ഫാഷന്‍ ശേഖരത്തിനും അദ്ദേഹം അക്ഷീണം പ്രവര്‍ത്തിച്ചതായി അര്‍മാനി എക്‌സ്‌ചേഞ്ച് പ്രസ്താവനയില്‍ അറിയിച്ചു. മിലാൻ ഫാഷൻ വീക്കിൽ തന്റെ കൈയൊപ്പ് ചാർത്തിയ ജോർജിയോ അർമാനി ഫാഷൻ ഹൗസിൽ തന്റെ 50–ാം വാർഷികം ആഘോഷിക്കുന്നതിനായി തയ്യാറെടുക്കുന്നതിനെടയാണ് വിടവാങ്ങിയത്. അതേസമയം 10 ബില്യൻ ഡോളറിന്റെ ഫാഷൻ സാമ്രാജ്യമായ അർമാനി ഗ്രൂപ്പിന്റെ തലപ്പത്ത് ആർ എത്തുമെന്ന ചോദ്യവും ഉയരുന്നുണ്ട്. ജോർജിയോ അർമാനിയുടെ സഹോദരന്റെ മകൾ റോബർട്ടയായിരിക്കും അർമാനി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ എത്തുകയെന്നാണ് സൂചന.