ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് 'ഡോക്ടര്‍' വിശേഷണം വേണ്ട; നിലപാട് മാറ്റി കേന്ദ്രം
ന്യൂഡല്‍ഹി: ഫിസിയോതെറാപ്പിസ്റ്റുകള്‍ ഡോക്ടര്‍ എന്ന വിശേഷണം ഉപയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഇത് സംബന്ധിച്ച് ഉത്തരവ് സെപ്തംബര്‍ 9ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് (ഡിജിഎച്ച്എസ്) പുറത്തിറക്കി. ഫിസിയോ തെറാപ്പിസ്റ്റുകള്‍ ഡോക്ടര്‍ എന്ന വിശേഷണം ഉപയോഗിക്കുന്നത് തടയണം എന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിരന്തര ആവശ്യം പരിഗണിച്ചാണ് കേന്ദ്ര നടപടി. മരുന്നുകള്‍ കൂടാതെ കായിക ചലനങ്ങളുടെയും, യന്ത്രങ്ങളുടെയും സഹായത്താല്‍ നടത്തുന്ന ചികിത്സ രീതിയാണ് ഫിസിയോതെറാപ്പി. ഇത്തരം ഒരു ചികിത്സാരീതി പിന്തുടരുന്നവര്‍ ഡോക്ടര്‍ എന്ന വിശേഷണം ഉപയോഗിക്കുന്നത് ഇന്ത്യന്‍ മെഡിക്കല്‍ ഡിഗ്രി ആക്റ്റ് 1916 ലെ വ്യവസ്ഥകളുടെ ലംഘനമാണെന്നാണായിരുന്നു ഐഎംഎ ഉള്‍പ്പെടെയുള്ള സംഘടനകളുടെ വാദം. കേന്ദ്ര തീരുമാനം വലിയ വിജയമാണെന്ന് ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. ദിലിപ് ബന്‍സ്വാലി പ്രതികരിച്ചു. ഡോക്ടര്‍ എന്ന വിശേഷണം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ തീരുമാനം ഗുണം ചെയ്യുമെന്നും ഐഎംഎ പ്രസിഡന്റ് ചൂണ്ടിക്കാട്ടുന്നു. ഡോ. എന്ന പ്രയോഗം ഉപയോഗിക്കുന്നത് വിലക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ, ആരോഗ്യ സെക്രട്ടറി, ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) എന്നിവര്‍ക്ക് ഡോ. ദിലിപ് ബന്‍സ്വാലി കത്ത് നല്‍കിയിരുന്നു. രോഗികള്‍ക്കോ പൊതുജനങ്ങള്‍ക്കോ അവ്യക്തത സൃഷ്ടിക്കാതെ, ഫിസിയോതെറാപ്പി ബിരുദധാരികള്‍ക്കും ബിരുദാനന്തര ബിരുദധാരികള്‍ക്കുംഅനുയോജ്യവും മാന്യവുമായ പദവി നല്‍കാമെന്നും വിദഗ്ധര്‍ നിര്‍ദേശിച്ചിരുന്നു. ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് പേരിന് ഒപ്പം 'ഡോക്ടര്‍' എന്ന് ഉപയോഗിക്കാന്‍ നാഷണല്‍ കമ്മീഷന്‍ ഫോര്‍ അലൈഡ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഫഷന്‍സ് ഏപ്രിലില്‍ അനുമതി നല്‍കിയിരുന്നു. 'ഡോക്ടര്‍' എന്ന തലക്കെട്ട് പേരിന് മുന്‍പും പി.ടി. എന്ന് പേരിന് ഒടുവില്‍ സഫിക്സായും ഉപയോഗിക്കാം എന്നായിരുന്നു നിര്‍ദേശം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള എന്‍സിഎഎച്ച്പി 2025 ലെ ഫിസിയോതെറാപ്പി പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായിട്ടായിരുന്നു തീരുമാനം. ഇതില്‍ നിന്നാണ് ഇപ്പോഴത്തെ നിലപാട് മാറ്റം.