Latest Updates

തിരുവനന്തപുരം: ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. നഗരത്തിലെ സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചയ്ക്കു ശേഷം അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിരുന്നു. ഇന്ന് വൈകിട്ട് നാല് മണിക്കാണ് സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കുക. മാനവീയം വീഥിയില്‍ നിന്നാരംഭിച്ച് കിഴക്കേക്കോട്ടയില്‍ സമാപിക്കും. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഫ്ളാഗ് ഓഫ് ചെയ്യും. ഘോഷയാത്രയുടെ വിളംബരം അറിയിക്കുന്നതിനായി 51 ശംഖുനാദങ്ങളുടെ അകമ്പടിയോടെ വാദ്യോപകരണമായ കൊമ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യ കലാകാരന് കൈമാറും. ഇതോടെ ഘോഷയാത്രയുടെ താളമേളങ്ങള്‍ക്ക് തുടക്കംകുറിക്കും. ആയിരത്തോളം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സാംസ്‌കാരിക കലാരൂപങ്ങള്‍ക്കൊപ്പം അറുപതോളം ഫ്ളോട്ടുകളാണ് ഘോഷയാത്രയില്‍ അണിനിരക്കുക. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതാകും ഫ്ളോട്ടുകള്‍. ഇതോടൊപ്പം 91 ദൃശ്യശ്രവ്യ കലാരൂപങ്ങളും കരസേനയുടെ ബാന്‍ഡ് സംഘവും ഘോഷയാത്രയ്ക്ക് നിറമേകും. ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്രയോടനുബന്ധിച്ച് നഗരത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ തോംസണ്‍ ജോസ് അറിയിച്ചു. ഘോഷയാത്ര കടന്നുപോകുന്ന കവടിയാര്‍, വെള്ളയമ്പലം, മ്യൂസിയം, എല്‍എംഎസ്, സ്റ്റാച്യു, ഓവര്‍ ബ്രിഡ്ജ്, പഴവങ്ങാടി, കിഴക്കേക്കോട്ട, വെട്ടിമുറിച്ചകോട്ട, മിത്രാനന്ദപുരം, പടിഞ്ഞാറേക്കോട്ട, ഈഞ്ചക്കല്‍, കല്ലുമ്മൂട് വരെ റോഡില്‍ വാഹനം നിര്‍ത്തിയിടാന്‍ അനുവദിക്കില്ല. ആറന്മുള വള്ളംകളി ആറന്മുള ഉത്രട്ടാതി വള്ളം കളിയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അങ്കണവാടി, പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. സെപ്റ്റംബര്‍ 9ന് (ചൊവ്വ) പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ അറിയിച്ചു. മുന്‍ നിശ്ചയിച്ച പൊതു പരീക്ഷയ്ക്കും യൂണിവേഴ്സിറ്റി പരീക്ഷയ്ക്കും അവധി ബാധകമല്ല.

Get Newsletter

Advertisement

PREVIOUS Choice