താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം തുടരും; ഒറ്റവരിയായി ചെറുവാഹനങ്ങള്‍ കടത്തിവിടും
കോഴിക്കോട്: മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം തുടരുമെന്നും ശക്തമായി പെയ്യുന്ന സമയങ്ങളില്‍ വാഹന ഗതാഗതം അനുവദിക്കില്ലെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിച്ചു. മഴ കുറയുന്ന സമയങ്ങളില്‍ ഒറ്റവരിയായി ചെറുവാഹനങ്ങള്‍ മാത്രംകടത്തിവിടാനാണ് തീരുമാനം. ചുരത്തിലൂടെ ഭാരമേറിയ വാഹനങ്ങള്‍ അനുവദിക്കില്ല.ചുരത്തിലെ കല്ലും മണ്ണും പൂര്‍ണമായും നീക്കിയിട്ടുണ്ട്.വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങളും കണ്ണൂര്‍ റോഡും ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചു. ചുരത്തിലെ മണ്ണിടിച്ചിലില്‍ ഉടന്‍ പരിഹാരം കണ്ടെത്തുമെന്ന് റവന്യൂ മന്ത്രി കെ. രാജന് പറഞ്ഞു. 80 അടി മുകളില്‍ നിന്ന് ബ്ലോക്ക് ആയിട്ടാണ് പൊട്ടലുണ്ടായത്. അതിനാല്‍ സോയില്‍ പൈപ്പിങ് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഭാരം കയറ്റിയ വാഹനങ്ങള്‍ റിസ്ക്കെടുത്ത് ഇപ്പോള്‍ വിടുന്നത് സുരക്ഷിതമല്ലെന്നും റോഡിന്റെ താഴത്തേക്ക് വിള്ളല്‍ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് താമരശ്ശേരി ഒമ്പതാം വളവിലെ വ്യൂ പോയിന്റില്‍ വലിയ മണ്ണിടിച്ചിലുണ്ടായത്. റോഡിലേക്ക് കല്ലും മണ്ണും മരങ്ങളും ഇടിഞ്ഞുവീഴുകയായിരുന്നു. കാല്‍നടയാത്രപോലും സാധ്യമല്ലാത്ത വിധമാണ് റോഡിലേക്ക് മണ്ണ് ഇടിഞ്ഞു വീണത്.