Latest Updates

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിന് തുടക്കമായി. പാര്‍ലമെന്റ് മന്ദിരത്തിലെ എഫ്-101 മുറിയില്‍ ഒരുക്കിയ വോട്ടെടുപ്പ് കേന്ദ്രത്തില്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യം വോട്ടു രേഖപ്പെടുത്തിയത്. രാവിലെ 10 മണിക്ക് തന്നെ പോളിങ് റൂമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, രാം മോഹന്‍ നായിഡു എന്നിവര്‍ അനുഗമിച്ചിരുന്നു. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയാഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ രാവിലെ 11 വോട്ടു ചെയ്യാനെത്തുമെന്നാണ് വിവരം. ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. നോമിനേറ്റഡ് അംഗങ്ങള്‍ക്കും വോട്ടവകാശമുണ്ട്. വോട്ടെടുപ്പ് അവസാനിച്ചശേഷം വൈകീട്ട് ആറു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഭരണകക്ഷിയായ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി മഹാരാഷ്ട്ര ഗവര്‍ണര്‍  സി പി രാധാകൃഷ്ണനും (67) പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിയായി സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി (79) യുമാണ് മത്സരിക്കുന്നത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് രഹസ്യ ബാലറ്റ് വഴിയാണ്. അംഗങ്ങള്‍ക്ക് ഇഷ്ടമുള്ള ആള്‍ക്ക് വോട്ട് ചെയ്യാമെന്നതുകൊണ്ടുതന്നെ പരമാവധി എതിര്‍പക്ഷത്തിന്റെ വോട്ടുകള്‍ അടര്‍ത്തിമാറ്റാനും സ്വന്തം വോട്ടുകള്‍ ചോര്‍ന്നുപോകാതെ ഉറപ്പിച്ചുനിര്‍ത്താനുമുള്ള പ്രയത്‌നത്തിലാണ് ഭരണ, പ്രതിപക്ഷ കക്ഷികള്‍. നിലവില്‍ 781 അംഗങ്ങളാണ് ആകെയുള്ളത്. ഇതില്‍ 391 വോട്ടു നേടുന്നയാള്‍ ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയാകും. രാജ്യസഭയില്‍ 7 അംഗങ്ങളുള്ള ബിജെഡിയും 4 എംപിമാരുള്ള ബിആര്‍എസും ഒരു അംഗമുള്ള അകാലിദളും വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് ഇരുസഭകളിലുമായി 427 അംഗങ്ങളുണ്ട്. പ്രതിപക്ഷത്തിന്, അതായത് കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യാ സഖ്യത്തിന്, ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിയെ പിന്തുണയ്ക്കുന്ന 12 ആം ആദ്മി പാര്‍ട്ടി എംപിമാരെ ഉള്‍പ്പെടുത്താതെ 315 വോട്ടുകള്‍ മാത്രമേയുള്ളൂ. ജസ്റ്റിസ് സുദർശൻ റെഡ്ഡിക്ക് ക്രോസ് വോട്ടു ലഭിക്കുമെന്നാണ് ഇന്ത്യ സഖ്യത്തിന്റെ പ്രതീക്ഷ.

Get Newsletter

Advertisement

PREVIOUS Choice